മുഹമ്മദ് നബി ﷺ നാലിലധികം ഭാര്യമാരെ സ്വീകരിച്ചിട്ടില്ലേ? അനീതിയോ?

 



        സാധാരണ ഒരു മുസ്ലിമിന് ഒരേ സമയം നാല് ഭാര്യമാരെ മാത്രമെ സ്വീകരിക്കാവൂ എന്ന നിയമമാണ് ഇസ്ലാമില്‍ ഉള്ളത്. എന്നാല്‍ ഈ നിയമം നിലനില്‍ക്കെ മുഹമ്മദ് നബി  നാലിലധികം ഭാര്യമാരെ സ്വീകരിച്ചിട്ടില്ലേ? ഇതൊരു നീതികേടല്ലേ? തനിക്കൊരു നിയമവും അനുചരര്‍ക്കൊരു നിയമവുമെന്ന ഇരട്ടത്താപ്പല്ലേ?

         ഇസ്ലാമിലെ വൈവാഹിക നിയമങ്ങളെ കുറിച്ചും നബി  യുടെ വിവാഹങ്ങളെ കുറിച്ചും വസ്തുനിഷ്ഠമായി പഠിക്കാത്തതുകാരണമായി വരുന്ന ബാലിശമായ ചോദ്യങ്ങളാണിത്. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന് മുമ്പ് യഥേഷ്ടം പെണ്ണ് കെട്ടുകയും തോന്നിയത് പോലെ തിരിച്ചയക്കുകയും ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്താതിരിക്കുകയും ചെയ്തിരുന്ന സമ്പ്രദായം നിയന്ത്രിക്കുകയാണ് ഇസ്ലാം ചെയ്തത്. പരമാവധി നാല് മാത്രം എന്ന നിയമം ഇതിന്റെ ഭാഗമായി ഉണ്ടായതാണ്. ഖുര്‍ആന്‍ പറയുന്നു: അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാകില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ മറ്റു സ്ത്രീകളില്‍ നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതിപുലര്‍ത്താനാവില്ലെന്ന് പേടിയുണ്ടെങ്കില്‍ ഒരുവളെ മാത്രം വിവാഹം കഴിക്കുക. (സൂറത്തുന്നിസാഅ്-3) ഈ വചനം അവതരിക്കുന്ന സമയത്ത് പ്രവാചകര്‍ (സ) അടക്കം പലര്‍ക്കും നാലിലധികം ഭാര്യമാരുണ്ടായിരുന്നു. ഇങ്ങനെയുള്ളവര്‍ നാല് പേരെ നിലനിര്‍ത്തി. ബാക്കിയുള്ളവരെ വിവാഹ മോചനം നടത്തി. എന്നാല്‍ നബി (സ) അപ്രകാരം നാല് പേരെ ഭാര്യയായി നിര്‍ത്തുകയും ബാക്കിയുള്ളവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ ഓഴിവാക്കപ്പെടുന്നവര്‍ക്ക് ബാക്കിയുള്ളവരുമായി വൈവാഹിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുമായിരുന്നില്ല. കാരണം, നബി (സ്വ) യുടെ പത്‌നിമാരെ വിശ്വാസികളുടെ ആത്മീയ മാതാക്കളായാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഉമ്മമാരെ മക്കള്‍ക്ക് വിവാഹത്തിന് പറ്റില്ലല്ലോ..

    അല്ലാഹു പറഞ്ഞു: സത്യവിശ്വാസികള്‍ക്ക് അവരുടെ ദേഹത്തെക്കാളും ബന്ധപ്പെട്ട ആളാണ് നബി. അവിടുത്തെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. (സൂറത്തുല്‍ അഹ്‌സാബ്-6)

    നബി (സ) നാലിലധികം വരുന്ന ഭാര്യമാരെ വിവാഹമോചനം നടത്തിയിരുന്നുവെങ്കില്‍ അവര്‍ നിത്യവൈധവ്യം അനുഭവിക്കേണ്ടിവരുമായിരുന്നു.

    മറ്റു പ്രവാചകന്മാരെക്കാള്‍ ധാരാളം പ്രത്യേകതകള്‍ അല്ലാഹു തിരുനബി (സ) ക്ക് നല്‍കിയിട്ടുണ്ട്. പ്രവാചകത്വ ശൃംഖല അവസാനിക്കല്‍, ശരീഅത്ത് അന്ത്യനാള്‍ വരെ നിലനില്‍ക്കല്‍, ലോകജനതക്ക് മുഴുവന്‍ പ്രവാചകനാവുക തുടങ്ങിയവ അതില്‍ പെട്ടതാണ്. അനുചരന്മാര്‍ക്ക് നിര്‍ബന്ധമില്ലാത്ത തഹജ്ജുദ് നിസ്‌കാരം, വിത്‌റ് നിസ്‌കാരം തുടങ്ങിയവ റസൂല്‍ (സ) ക്ക് നിര്‍ബന്ധമായിരുന്നു. അനുചരര്‍ക്ക് നിഷിദ്ധമല്ലാത്ത ഗ്രന്ഥരചന, കവിതാ രചന, സകാത്ത് വാങ്ങല്‍ തുടങ്ങിയവ നബി (സ്വ) ക്ക് പാടില്ല. അനുചരര്‍ക്ക് അനുവദനീയമല്ലാത്ത നാലിലധികം ഭാര്യമാരെ സ്വീകരിക്കുക എന്നതും ഇപ്രകാരം തന്നെയായിരുന്നു.


Post a Comment

0 Comments